കോട്ട: ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായം കുട്ടികളിൽ സമ്മർദമുണ്ടാക്കുന്നതും അവരെ തകർക്കുന്നതുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിച്ച ‘ഛത്രോം കി ഗൂഞ്ച്’ മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇതൊരു രാഷ്ട്രീയ യോഗമല്ല. ഇതു നിങ്ങളെ സംബന്ധിച്ചുള്ള യോഗമാണ്.
ഭാവി കരുപ്പിടിപ്പിക്കാൻ കഷ്ടപ്പെടുന്ന യുവജനങ്ങൾക്കുള്ളതാണ്. ഈ സായാഹ്നം നിങ്ങൾക്കുവേണ്ടിയാണ്- രാഹുൽ പറഞ്ഞു. തുടർന്ന് മൂന്നു പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും സംവാദത്തിനായി വേദിയിലേക്കു ക്ഷണിച്ചു.
നീറ്റ്, ജെഇഇ, സിവിൽ സർവീസ് പരീക്ഷകൾക്കായി തയാറെടുക്കുന്നവരാണിവർ. ഒട്ടേറെ വിദ്യാർഥികൾ യോഗത്തിനെത്തിയിരുന്നു. റാലിക്കെതിരേ ബിജെപി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും പ്രമുഖ കോച്ചിംഗ് ഹബ്ബാണ് കോട്ട. 1.2 ലക്ഷം കുട്ടികളാണ് നീറ്റ്, ജെഇഇ പരീക്ഷകൾക്കായി കോട്ടയിലെ വിവിധ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠനം നടത്തുന്നത്.
കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വിദ്യാർഥി കൺവൻഷനുകളുടെ ആദ്യത്തേതാണ് കോട്ടയിൽ നടന്നത്. അലഹാബാദ്, പാറ്റ്ന, ഡൽഹി എന്നിവിടങ്ങളിലും രാഹുൽ ഗാന്ധി കൺവൻഷനുകളെ അഭിസംബോധന ചെയ്യും.